കൂണ് വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ് കൃഷി ചെയ്യാവുന്നതാണ്. സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്റൂം) പാല് കൂണും (മില്‍ക്കി മഷ്റൂം).
വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത് 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ് വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ് കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ് തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.
കൂണ് വിത്ത്
കൂണ് കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ് വിത്തിന്റെ അഭാവമാണ്. കൂണ് നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ് വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ് വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.
കൂണ് ബെഡ്
അണുനശീകരണം നടത്തിയ വൈക്കോല്‍ നല്ല പോലെ വെള്ളം വാര്‍ത്തുകളഞ്ഞതിന് ശേഷം കവറില്‍ നിറക്കാം. പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി ഇറ്റ് വീഴാത്ത പരുവത്തിലായാല്‍ വൈക്കോല്‍ എടുത്ത് വട്ടത്തില്‍ ചുമ്മാടുകള്‍ (തിരിക) ആക്കി വെക്കുക. രണ്ട് അടി നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളില്‍ ഇവ നിറക്കാം. ഒരു പാക്കറ്റ് നിറക്കുന്നതിന് 125 ഗ്രാം കൂണ് വിത്ത് വേണം (സ്പോണ്). പോളിത്തീന്‍ കവറില്‍ ആദ്യം ഒരു ലെയര്‍ വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. വൈക്കോല്‍ നിറക്കുമ്പോള്‍ ഇടയില്‍ വിടവ് വീഴാതിരിക്കാന്‍ കൈകൊണ്ട് അമര്‍ത്തി കൊടുക്കണം ഇങ്ങനെ 4 ലെയര്‍ വൈക്കോലിന് 4 പിടി വിത്ത് ഉപയോഗിച്ച് ഒരു കവര്‍ നിറക്കാം. ശേഷം കൂണ്‍ബെഡ് പോളിത്തീന്‍ കവറിന്റെ തുറന്ന അറ്റം നൂലോ റബ്ബര്‍ബാന്‍ഡോ ഇട്ട് കെട്ടിവെക്കണം. അതിനു ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു സൂചി ഉപയോഗിച്ച് ഈ ബെഡില്‍ 15- 20 തുളകളുണ്ടാക്കുക. ശേഷം ഈ ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയില്‍ ഉറിയിലോ മറ്റോ തൂക്കിയിടുക. 15-20 ദിവസം കഴിയുമ്പോള്‍ കൂണ് തന്തുക്കള്‍ വളരാന്‍ തുടങ്ങും. ഈ സമയത്ത് ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു ബ്ലേഡുപയോഗിച്ച് കൂണ് ബെഡില്‍ ചെറിയ കീറലുകള്‍ ഉണ്ടാക്കിക്കൊടുക്കുക. തുടര്‍ന്ന് മുറിയില്‍ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാന്‍സ്പ്രേയര്‍ ഉപയോഗിച്ച് ഈ ബെഡുകള്‍ നനച്ചു കൊടുക്കണം. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. കൂണ് വിളവെടുക്കുമ്പോള്‍ ചുവടുഭാഗം പിടിച്ച് തിരിച്ചാല്‍ പറിച്ചെടുക്കാന്‍ കഴിയും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പ് നടത്താം.
കൂണ്‍മുറി
കൂണ് മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ് മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ് അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.
ഒരു കൃഷി കഴിഞ്ഞാല്‍ കൂണ് തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.